കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് മുകളില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ബൈക്കിലും ഇടിച്ച ശേഷം അഴുക്കുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 7.15നായിരുന്നു അപകടം.
നിയന്ത്രണം വിട്ടെത്തിയ ലോറി മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അപകടത്തിന്റെ CCTV ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോറി ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ അഴുക്കുചാലിലേക്ക് മറിയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
അപകടത്തെ തുടർന്ന് ചുരം റോഡിൽ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു. അപകട കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.






