കോഴിക്കോട് ∙ തിരുവമ്പാടി തോട്ടത്തിൽകടവിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ചോലക്കൽ സുബൈർ (51) ആണ് മരിച്ചത്. തോട്ടത്തിൽകടവിലെ ഇറച്ചിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു സുബൈർ.
തിരുവമ്പാടി ഓമശ്ശേരി റോഡിൽ തോട്ടത്തിൽകടവിൽ പുലർച്ചെ 4.30നാണ് അപകടം. ഹൃദയാഘാതം സംഭവിച്ച രോഗിയുമായി തിരുവമ്പാടിയിലെ ആശുപത്രിയിൽനിന്ന് ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോൾ എതിർദിശയിൽ വന്ന സുബൈറിന്റെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുബൈർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർ, രോഗി, നഴ്സ് എന്നിവർക്കും പരുക്കേറ്റു.






