ന്യൂഡൽഹി: വീട്ടിലെ ലോക്കറുകളിലും അലമാരകളിലും വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്വർണ്ണാഭരണങ്ങൾ ഇനി വെറുതെ കിടക്കേണ്ടതില്ല. അവ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കി പലിശ നേടാൻ സാധിക്കുന്ന ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (Gold Monetisation Scheme, GMS) കേന്ദ്ര സർക്കാർ വീണ്ടും കൂടുതൽ ആകർഷകമാക്കാനൊരുങ്ങുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ പുതുക്കിയ രൂപം പ്രഖ്യാപിച്ചേക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമ റിപ്പോർട്ടുകൾ.
പുതിയ നിർദേശങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം, ഇനി ബാങ്കുകൾ മാത്രമല്ല, അംഗീകൃത ജ്വല്ലറികൾ വഴിയും സ്വർണം നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുമെന്നതാണ്. ബാങ്കുകളേക്കാൾ ജ്വല്ലറികളുമായി പൊതുജനങ്ങൾക്കുള്ള പരിചയവും വിശ്വാസവും കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
ഗോൾഡ് മോണിറ്റൈസേഷൻ സ്കീം >
2015ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. വീടുകളിലും ലോക്കറുകളിലും ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന സ്വർണം ബാങ്കിൽ നിക്ഷേപിക്കാം. ശുദ്ധി പരിശോധിച്ച ശേഷം സ്വർണം ഉരുക്കി സ്റ്റാൻഡേർഡ് ഗോൾഡ് ബാറുകളാക്കി മാറ്റുകയും, അതിന്റെ മൂല്യത്തിന് അനുസരിച്ച് നിക്ഷേപം രേഖപ്പെടുത്തുകയും ചെയ്യും.
നിക്ഷേപ കാലാവധി പൂർത്തിയായാൽ അന്നത്തെ സ്വർണവിലയ്ക്ക് തുല്യമായ തുകയോ, അല്ലെങ്കിൽ നിബന്ധനകൾക്കനുസരിച്ച് സ്വർണമായോ തിരികെ സ്വീകരിക്കാം. നിക്ഷേപ കാലയളവിൽ പലിശയും ലഭിക്കും. അതിനാൽ ലോക്കറിൽ കിടക്കുന്ന സ്വർണം ചെലവില്ലാത്ത ഒരു സമ്പത്തായി തുടരുന്നതിനുപകരം വരുമാനം നൽകുന്ന ആസ്തിയായി മാറും.
ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണം ഉണ്ടെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പദ്ധതി ആരംഭിച്ച് ഏകദേശം ഒരു ദശാബ്ദം പിന്നിട്ടിട്ടും ബാങ്കുകളിലെത്തിയത് വെറും 38 ടൺ സ്വർണം മാത്രമാണ്.പാരമ്പര്യമായി ലഭിച്ച ആഭരണങ്ങൾ ഉരുക്കാനുള്ള മടി, നികുതി പരിശോധനയെക്കുറിച്ചുള്ള ആശങ്ക, ബാങ്കുകളുടെ പരിമിതമായ പ്രചാരണം, നടപടിക്രമങ്ങളുടെ സങ്കീർണത തുടങ്ങിയവയാണ് പദ്ധതിക്ക് വലിയ തിരിച്ചടിയായത്.
പുതിയ പരിഷ്കാരത്തിൽ അംഗീകൃത ജ്വല്ലറികളെ ‘കളക്ഷൻ പാർട്ണർമാരായി’ ഉൾപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടെ ബാങ്കിലെത്താതെ തന്നെ വിശ്വസനീയമായ ജ്വല്ലറികൾ വഴി സ്വർണം പദ്ധതിയിലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ആളുകളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അഞ്ച് ശതമാനം പോലും ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കാനായാൽ ഏകദേശം 90 ബില്യൺ ഡോളറിന്റെ അധിക സാമ്പത്തിക സ്രോതസ് രാജ്യത്തിന് ലഭിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതിലൂടെ സ്വർണ ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയുകയും വിദേശനാണയ ചെലവ് നിയന്ത്രിക്കാനും സാധിക്കും.
സാധാരണക്കാർക്ക് പ്രയോജനം >
ലോക്കറിൽ സ്വർണം സൂക്ഷിക്കാൻ വാടക നൽകുന്നതിനുപകരം അതേ സ്വർണം ബാങ്കിൽ നിക്ഷേപിച്ചാൽ സുരക്ഷിതത്വത്തിനൊപ്പം പലിശ വരുമാനവും ലഭിക്കും. ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം അധിക വരുമാനം സൃഷ്ടിക്കുന്ന നിക്ഷേപമായി മാറുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാകും പുതിയ പലിശനിരക്കുകൾ, നിക്ഷേപ നിബന്ധനകൾ, ജ്വല്ലറികളുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങളിൽ വ്യക്തത ലഭിക്കുക.



