ആനക്കാംപൊയിൽ പതങ്കയത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിലിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഷിബിലിയുടെ മൃതദേഹം അപകടസ്ഥലത്തുനിന്ന് ഏകദേശം 600 മീറ്റർ താഴെയായാണ് കണ്ടെത്തിയത്.
മുക്കം ഫയർഫോഴ്സിന്റെയും സ്കൂബ ഡൈവിംഗ് സംഘത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് മൂന്ന് ദിവസമായി നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കർണാടകയിൽ നിന്നെത്തിയ വിനോദസഞ്ചാരികളോടൊപ്പം കഴിഞ്ഞ ദിവസം പതങ്കയത്ത് എത്തിയ ഷിബിലി, ഒഴുക്കിൽപ്പെട്ട രണ്ട് വിനോദസഞ്ചാരികളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഇരുവരെയും സുരക്ഷിതരായി കരയ്ക്കെത്തിച്ചെങ്കിലും, രക്ഷാപ്രവർത്തനത്തിനിടെ ഷിബിലിയെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കാണാതായി.
ഡ്രോണുകളും സ്കൂബ ഡൈവിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് പാറയിടുക്കുകളിലും ചുഴികളിലും നടത്തിയ സൂക്ഷ്മ പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാര ഗൈഡിനെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടെ പ്രദേശത്ത് റാഫ്റ്റിങ്ങ് ഉദ്ഘാടന ചടങ്ങ് നടത്തിയതായി ആക്ഷേപവുമുണ്ടായി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നിരുന്നു.



