Home / KERALA / സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും അമിത മേക്കപ്പിനും നിയന്ത്രണം വേണം, ബാലാവകാശ കമീഷൻ

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിനും അമിത മേക്കപ്പിനും നിയന്ത്രണം വേണം, ബാലാവകാശ കമീഷൻ

സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗവും വിദ്യാർഥികളുടെ അച്ചടക്കവും സംബന്ധിച്ച വാർത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗത്തിനും കർശന നിയന്ത്രണം വേണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. മുടി വെട്ടുന്നതും വസ്ത്രധാരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂളുകളുടെ അച്ചടക്കത്തിന്റെ ഭാഗമാണെന്നും കമീഷൻ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കമീഷൻ അംഗം ഡോ. എഫ്. വിൽസൺ നിർദേശിച്ചു. സ്കൂളുകളിൽ മുടി നീട്ടി വളർത്താനും സ്കിൻ ഫിറ്റ് പാന്റ്സ് ധരിക്കാനും കമ്മൽ, മോതിരം തുടങ്ങിയ ആഭരണങ്ങൾ ഉപയോഗിക്കാനും അനുവദിക്കണമെന്നും ബാഗ് പരിശോധനയും മൊബൈൽ ഫോൺ പിടിച്ചെടുക്കലും തടയണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കമീഷന്റെ ഉത്തരവ്.

അത്യാവശ്യ സാഹചര്യങ്ങളിൽ രക്ഷിതാക്കളുടെ അറിവോടെ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരാം. എന്നാൽ സ്കൂൾ സമയം അവസാനിക്കുന്നതുവരെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കണം.

ലഹരിവസ്തുക്കളോ മറ്റ് നിരോധിത വസ്തുക്കളോ കൈവശമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാം. എന്നാൽ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം വരാത്ത രീതിയിലായിരിക്കണം പരിശോധന. മുടി വെട്ടുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് സ്കൂളുകളിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണമെന്നും കമീഷൻ നിർദേശിച്ചു.

നടപടികളുടെ പേരിൽ വിദ്യാർഥികളെ ക്ലാസിൽനിന്ന് പുറത്താക്കുകയോ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കമീഷന്റെ ശിപാർശകളിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാറിനും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *