കോഴിക്കോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടകര താലൂക്കിലെ വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിട്ടു.
ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.






